SUNNY JOSEPH MLA| ‘കട്ടമുതല്‍ എവിടെയെന്നറിയാന്‍ കേരളം കാത്തിരിക്കുന്നു’; സര്‍ക്കാരിനെ പാഠം പഠിപ്പിക്കുന്ന പോരാട്ടമാണിതെന്നും സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Thursday, October 9, 2025

അയ്യപ്പ സന്നിധിയില്‍ നിന്ന് പോലും കോടിക്കണക്കിന് സ്വര്‍ണം അടിച്ചുമാറ്റിയവരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. കേരള ഹൈക്കോടതിയെ പോലും ഞെട്ടിച്ച സംഭവമാണിത്. പല മോഷണങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും അയ്യപ്പ സന്നിധിയില്‍ നിന്ന് കിലോ കണക്കിന് സ്വര്‍ണം അടിച്ചു മാറ്റാന്‍ ഈ സര്‍ക്കാരിന് മാത്രമെ കഴിയുകയുള്ളൂവെന്നും കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നും അവര്‍ക്ക്് കഞ്ഞിവെച്ചവരാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊള്ളമുതല്‍ പങ്കിട്ടെടുത്തത് കൊണ്ടാണ് പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കട്ടമുതല്‍ എവിടെയെന്ന് അറിയാന്‍ കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം പത്തനംതിട്ടയില്‍ നടന്ന വിശ്വാസ സംഗമത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വിശ്വാസമുണ്ടോ എന്ന് ചോദിച്ചാല്‍ തള്ളാനും കൊള്ളാനും കഴിയാത്ത സ്ഥിതിയാണ് പിണറായിയ്ക്ക് ഇപ്പോള്‍ ഉള്ളത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തുവെന്നതിന്റെ പേരില്‍ ശിക്ഷിച്ച പാര്‍ട്ടിയാണ് ഭരിക്കുന്നത്. നാട്യത്തിലൂടെ ഭക്തി അഭിനയിക്കാന്‍ നോക്കിയാല്‍ സാധിക്കില്ല. നിര്‍ണയിക്കാന്‍ സാധിക്കാത്ത അമൂല്യ വസ്തുവാണ് അയ്യപ്പ സന്നിധിയിലുള്ളത്. ആ വിശ്വാസ പാരമ്പര്യത്തെയും ആചാരങ്ങളെയും മഹിമയെയുമാണ് തകര്‍ക്കാന്‍ നോക്കിയത്. വിശ്വാസികളുടെ കോടതി അതിന് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജനങ്ങളുടെ പ്രതിഷേധത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അതിന്റെ ഒന്നാം ഘട്ടമാണ് പത്തനംതിട്ടയില്‍ നടത്തിയ വിശ്വാസ സംഗമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.