തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഷേമിംഗിന് പിന്നാലെ സഭയില്‍ ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ‘രണ്ടു കൈയ്യുമില്ലാത്തവന്റെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് പ്രതിപക്ഷത്തിന്’എന്നായിരുന്നു ചിത്തരഞ്ജന്‍ എം.എല്‍.എയുടെ പരിഹാസം.
ഇന്നലെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നതിനിടെ, ‘എട്ടു മുക്കാലട്ടി വച്ചതു പോലെ’ എന്ന പ്രയോഗം, ഉയരക്കുറവിനെ പരിഹസിച്ചതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷം സഭയില്‍ ശക്തമായി പ്രതിഷേധിച്ചു. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ‘അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍.ഡി.എഫ്. രാസവിദ്യ’ എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധം ശക്തമായതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധ ബാനര്‍ പിടിച്ചുവാങ്ങാന്‍ സ്പീക്കര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്പീക്കറുടെ ഡയസിന് മുന്നില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഇന്നും വിന്യസിച്ചിരുന്നു.