കഫ് സിറപ്പ് ദുരന്തം: ശ്രീശന്‍ ഫാര്‍മ ഉടമ അറസ്റ്റില്‍; പിടികൂടിയത് ചെന്നൈയില്‍ നിന്ന്

Jaihind News Bureau
Thursday, October 9, 2025

 

ചെന്നൈ/ഭോപ്പാല്‍: രാജ്യവ്യാപകമായി ഇരുപതിലധികം കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമ രംഗനാഥനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ഇന്നലെ രാത്രി ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.

മധ്യപ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ കുട്ടികളുടെ മരണമാണ് കോള്‍ഡ്രിഫ് സിറപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. സിറപ്പ് കഴിച്ച കുട്ടികള്‍ക്ക് വൃക്ക അണുബാധയും തുടര്‍ന്ന് വൃക്കസംബന്ധമായ തകരാറുകളും സംഭവിക്കുകയായിരുന്നു. സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷ രാസവസ്തു അടങ്ങിയിരുന്നതായി എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് വ്യാവസായിക ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന രാസവസ്തുവാണ്.

രംഗനാഥനെയും കുടുംബത്തെയും കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിത ശ്രമം നടത്തിവരികയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ പുലര്‍ച്ചെ 1:30 ഓടെയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന്, സിറപ്പ് നിര്‍മ്മിച്ച കാഞ്ചീപുരത്തെ ശ്രീശന്‍ ഫാര്‍മയുടെ ഫാക്ടറിയിലേക്ക് ഇയാളെ കൊണ്ടുപോവുകയും, അവിടെ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

രംഗനാഥനെതിരെ മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ ഇയാളെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നതിനായി മധ്യപ്രദേശ് പോലീസ് ചെന്നൈ കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് തേടിയിരിക്കുകയാണ്. എസ്.ഐ.ടി. സംഘം കമ്പനിയുടെ കാഞ്ചീപുരത്തെ യൂണിറ്റുകളില്‍ പരിശോധന തുടരുകയാണ്.

അതേസമയം കഫ് സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന നാഗ്പുരിലെ ഒരു വയസ്സുള്ള പ്രതീക് പവാര്‍ എന്ന കുട്ടി രോഗമുക്തി നേടി. കഴിഞ്ഞ ദിവസമാണ് കുട്ടി ആശുപത്രി വിട്ടത്. കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന (WHO) ഇന്ത്യയോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ എല്ലാ സംസ്ഥാനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.