BJP Mavelikkara| മാവേലിക്കര ബിജെപിയില്‍ പൊട്ടിത്തെറി: നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 150-ഓളം പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നു

Jaihind News Bureau
Thursday, October 9, 2025

 

ആലപ്പുഴ ജില്ലാ ബി.ജെ.പി. നേതൃത്വത്തിനെതിരെ ഉയര്‍ന്ന ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളെ തുടര്‍ന്ന് മാവേലിക്കരയിലെ പാര്‍ട്ടി ഘടകത്തില്‍ വന്‍ പൊട്ടിത്തെറി. ജില്ലാ നേതൃത്വത്തിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളിലും തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചതിലും പ്രതിഷേധിച്ചാണ് 150-ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെക്കാന്‍ ഒരുങ്ങുന്നത്. മാവേലിക്കര നഗരസഭയിലെ ബി.ജെ.പി. കൗണ്‍സിലര്‍മാരും രാജി സന്നദ്ധത അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു. അനധികൃത സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്തവരെ നേതൃത്വം ‘വെട്ടിനിരത്തുന്നു’ എന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

ജില്ലാ അധ്യക്ഷന്റെ ആഡംബര കാറും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അണികളില്‍ വലിയ അസംതൃപ്തിക്ക് കാരണമായത്. നേതൃത്വത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച ഒരു വിഭാഗം പ്രവര്‍ത്തകര്‍ ‘സേവ് ലോട്ടസ്’ എന്ന പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. 200-ഓളം ബി.ജെ.പി. പ്രവര്‍ത്തകര്‍ അംഗങ്ങളായ ഈ വിമത ഗ്രൂപ്പില്‍ ജില്ലാ, സംസ്ഥാന നേതാക്കളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. നേതൃത്വത്തിന്റെ പോരായ്മകളും സാമ്പത്തിക ആരോപണങ്ങളുമാണ് ഈ ഗ്രൂപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. മാവേലിക്കരയില്‍ ഉടലെടുത്ത ഈ രാജി ഭീഷണിയും സാമ്പത്തിക ആരോപണങ്ങളും ജില്ലാ ബി.ജെ.പി. നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.