തെല്‍ അവീവ്/ഗാസ: ഗാസയില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ടുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രായേലും പലസ്തീന് ഗ്രൂപ്പായ ഹമാസും അംഗീകാരം നല്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായാണ് നിര്‍ണ്ണായകമായ പുരോഗതി.
ആദ്യ ഘട്ടത്തില്‍, ഹമാസിന്റെ കസ്റ്റഡിയിലുള്ള എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കും. ഇതിന് പകരമായി, ഇസ്രായേല്‍ തടവിലുള്ള പലസ്തീന് തടവുകാരെ വിട്ടയയ്ക്കും. കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരുപക്ഷവും വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ബന്ദികളെയും തടവുകാരെയും കൈമാറുന്നതിന് പുറമെ, ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ഘട്ടം ഘട്ടമായി പിന്‍വാങ്ങുന്നതും ഹമാസ് നിരായുധമാകുന്നതും ഉള്‍പ്പെടെയുള്ള 20 ഇന സമാധാന പദ്ധതിയാണ് യുഎസ് മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇതില്‍ ബന്ദികളെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ ഹമാസ് പൂര്‍ണ്ണമായ അംഗീകാരം അറിയിച്ചപ്പോള്‍, ഗാസയുടെ ഭാവി ഭരണനിര്‍വഹണം, ഇസ്രായേല്‍ സേനയുടെ പൂര്‍ണ്ണമായ പിന്മാറ്റം തുടങ്ങിയ മറ്റ് വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും നിലപാട് വ്യക്തമാക്കി.
കരാര്‍ പ്രഖ്യാപനത്തെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഉടമ്പടി നടപ്പാക്കുന്നതിനുള്ള സാങ്കേതിക വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിനായി ഇരുപക്ഷത്തിന്റെയും പ്രതിനിധികള്‍ മധ്യസ്ഥരുമായി കൂടിക്കാഴ്ച തുടരുകയാണ്.