NAJEEB KANTHAPURAM| മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ് ലജ്ജാകരം: നജീബ് കാന്തപുരം എം.എല്‍.എ

Jaihind News Bureau
Wednesday, October 8, 2025

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയമിംഗ് പരാമർശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാൾ ഉത്കണ്ഠപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും നിലപാടാണെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.

ഏത് നൂറ്റാണ്ടിലാണ് നമ്മുടെ മുഖ്യമന്ത്രി ജീവിക്കുന്നത്. പുരോഗമനത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇത്തരം അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രസ്താവനകളും പരാമർശങ്ങളും നടത്തിയിട്ടുണ്ട്. നികൃഷ്ട ജീവി, പരനാറി, കൂലം കുത്തി എന്നീ പരാമർശങ്ങൾ കേരളം കേട്ടതാണ്. ഇതിന്റെയൊക്കെ തുടർച്ചയാണ് ഇപ്പോഴത്തെ പരാമർശം. ഉയരം കുറഞ്ഞ ആൾ, സ്വന്തം നിലക്ക് ആരോഗ്യമില്ലാത്ത ആൾ, ആക്ഷേപകരമായ പരാമർശമാണിത്. ഉയരം കുറഞ്ഞ ആൾ നിയമസഭയിൽ വേണ്ടെന്നാണോ മുഖ്യമന്ത്രി പറയുന്നത്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസിനെ മുഖ്യമന്ത്രി പിണറായി വിജയന് ഓർമ്മയുണ്ടോ? മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഓർമ്മയുണ്ടോ? മല്ലന്മാർ മാത്രം നിയമസഭയിൽ വന്നാൽ മതി എന്നാണോ മുഖ്യമന്ത്രി പറയുന്നത്?

എട്ടടി ഉയരവും സിക്സ് പാക്കുമുള്ളവർ മാത്രം നിയമസഭയിൽ എത്തിയാൽ മതിയെന്നാണോ മുഖ്യമന്ത്രി പറയുന്നത്? ഇത്തരം ആക്ഷേപങ്ങൾക്ക് വിധേയമാകുന്നവരുടെ മാനസികാഘാതത്തെക്കുറിച്ച് മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോ.  ഇത്തരത്തിൽ മനുഷ്യനെ അപമാനിക്കുന്ന മുഖ്യമന്ത്രിയെ തിരുത്താൻ ഇടതുപക്ഷത്ത് ആരുമില്ലാത്ത അവസ്ഥയാണോ? ഈ നാട് മാറുന്നതിനെക്കുറിച്ച് ഒന്നും അറിയാത്ത ആളാണോ മുഖ്യമന്ത്രി? എട്ടു മുക്കാലട്ടി വെച്ച പോലെയാണോ മുഖ്യമന്ത്രിക്ക് മനുഷ്യരെ കാണുമ്പോൾ തോന്നുന്നത്.

കേരളം ആർജ്ജിച്ച എല്ലാ നേട്ടങ്ങളെയും തകർക്കുന്ന രീതിയിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായത്. മുഖ്യമന്ത്രി നടത്തിയത് വലിയ കുറ്റകൃത്യമാണ്. സഭക്കകത്ത് സംരക്ഷണമൊരുക്കാന്‍ മസില്‍മാന്‍മാര്‍ വേണമെന്ന സന്ദേശമാണോ ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രി നടത്തുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളും മാറ്റങ്ങളും അറിയാത്ത പോലെ ഇരുട്ടുമുറിയില്‍ നിന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഉയരം കുറഞ്ഞ ആളുകളെക്കൂടിയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചിരിക്കുന്നതെന്നും കേരളത്തിന് ചേര്‍ന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍ എന്ന് ഒരിക്കല്‍കൂടി അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.