THAMARASSERY| ചികിത്സാ പിഴവ്: ഡോക്ടറെ വെട്ടി പിതാവ്; ഡോക്ടര്‍ക്ക് ഗുരുതര പരിക്ക്

Jaihind News Bureau
Wednesday, October 8, 2025

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് തന്റെ ഒന്‍പത് വയസ്സുകാരിയായ മകള്‍ മരിച്ചതിനെത്തുടര്‍ന്ന്, ചികിത്സാ പിഴവ് ആരോപിച്ചാണ് കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചത്. വയനാട് സ്വദേശിയായ സനൂപ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച ഒന്‍പത് വയസ്സുകാരി അനയയുടെ പിതാവാണ് പ്രതിയായ സനൂപ്. പനി ബാധിച്ച കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് നില വഷളായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുന്‍പ് കുട്ടി മരിച്ചു. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. കൂടാതെ, കുട്ടിയുടെ മരണ കാരണം വ്യക്തമാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നുമാണ് പ്രതിയുടെ കുടുംബം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.