‘എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍’: നിയമസഭയില്‍ ‘ബോഡി ഷേമിംഗ്’; പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Wednesday, October 8, 2025

 

നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. സഭയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, പ്രതിപക്ഷ അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രയോഗം. ‘എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍’ അംഗത്തിന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പരിഹസിച്ചു.

‘എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട്. എട്ടുമുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി വെച്ചല്ല അത്. ശരീരശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയായിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം ആക്രമിക്കാന്‍ ശ്രമിച്ചു’- ഇതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മലയാളത്തില്‍, ‘എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ’ എന്ന പ്രയോഗം സാധാരണയായി ഉയരക്കുറവുള്ളതോ അല്ലെങ്കില്‍ അസ്ഥിരമായതോ ആയ ഒരാളെയോ അവസ്ഥയെയോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം ബോഡി ഷേമിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഈ പ്രസ്താവന നിയമസഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയ്ക്കകത്തും പുറത്തും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.