V D Satheesan| മുഖ്യമന്ത്രി ‘ബോഡി ഷേമിംഗ്’ നടത്തി; പൊക്കം കുറഞ്ഞവരെ അപമാനിച്ചു; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വി ഡി സതീശന്‍

Jaihind News Bureau
Wednesday, October 8, 2025

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ബോഡി ഷേമിംഗ്’ നടത്തിയെന്നും  പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊക്കം കുറഞ്ഞവരെ അപമാനിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും നിയമസഭയുടെ രേഖകളില്‍ നിന്ന് ഈ ഭാഗം നീക്കം ചെയ്യണമെന്നും അദ്ദേഹം  തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഉയരക്കുറവിനെ അപമാനിച്ച് സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇത് ഗുരുതരമായ വിഷയമാണ്. കൂടാതെ, പാര്‍ലമെന്ററി കാര്യ മന്ത്രിയും പ്രതിപക്ഷ അംഗമായ ഉമാ തോമസിനെതിരെ അപമാനകരമായ പ്രസ്താവന നടത്തിയതായും വി.ഡി. സതീശന്‍ ആരോപിച്ചു. ഉമാ തോമസിന്റെ അനാരോഗ്യത്തെക്കുറിച്ച് പരാമര്‍ശിച്ച മന്ത്രിയുടെ നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും വി.ഡി. സതീശന്‍ ആരോപണമുന്നയിച്ചു. അയ്യപ്പന്റെ ദ്വാരപാലകശില്പം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണ്. അത് ആര്‍ക്കാണ് വിറ്റതെന്ന് കടകംപള്ളി സുരേന്ദ്രന് അറിയാം,’ പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിന് പുറത്തുള്ള ഒരു കോടീശ്വരനാണ് ഈ ശില്‍പ്പം വിറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ മോഷണത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി തുടരുകയാണെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചു.