മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീലിനെതിരെ ഗുരുതരമായ ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ്. അനര്‍ഹമായി സര്‍ക്കാര്‍ പെന്‍ഷന്‍ നേടാനായി സര്‍വീസ് ബുക്ക് തിരുത്താന്‍ കെടി ജലീല്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ജോലി ചെയ്തിരുന്ന കെ ടി ജലീല്‍, 2021 മാര്‍ച്ച് 13ന് രാജിവെച്ചതായാണ് സര്‍വീസ് രേഖകള്‍ വ്യക്തമാക്കുന്നത്. 2024 ആഗസ്റ്റ് 13ന് ജലീല്‍ പി.എഫ് ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍, ആ രാജി ”വിടുതലായി” മാറ്റി രേഖപ്പെടുത്താന്‍ ജലീല്‍ നീക്കം നടത്തുന്നുവെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് ന് ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തായത്.
കോളേജ് പ്രിന്‍സിപ്പലിന് സര്‍വീസ് ബുക്ക് തിരുത്തുന്നതില്‍ ഇടപെടാനാകാത്തതിനാല്‍, കത്ത് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കെ ടി ജലീല്‍ പെന്‍ഷന്‍ നേടാന്‍ ശ്രമിക്കുന്നത്. സര്‍വീസ് ബുക്ക് തിരുത്താനുള്ള കെ ടി ജലീലിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് യൂത്ത്‌ലീഗ് കത്ത് നല്‍കിയിട്ടുണ്ട്.