ഗാസ സമാധാന ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തില്‍; സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം ആവശ്യപ്പെട്ട് ഹമാസ്

Jaihind News Bureau
Wednesday, October 8, 2025

 

ഇസ്രായേല്‍-ഗാസ സംഘര്‍ഷം രണ്ട് വര്‍ഷം പിന്നിടുമ്പോഴും സമാധാന കരാറുകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ നിലവില്‍ ഈജിപ്തില്‍ പുരോഗമിക്കുകയാണ്. കരാര്‍ ഭാഗികമായി അംഗീകരിച്ചെങ്കിലും, ഗാസയില്‍നിന്ന് ഇസ്രായേല്‍ പൂര്‍ണ്ണമായി പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പു ലഭിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീന്റെ സ്വയം നിര്‍ണയാവകാശം, യുദ്ധം അവസാനിപ്പിക്കല്‍, ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും കൈമാറ്റം എന്നിവയാണ് ചര്‍ച്ചകളിലെ പ്രധാന ലക്ഷ്യങ്ങളെന്നും ഹമാസ് ചര്‍ച്ചാ സംഘത്തലവന്‍ ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു.

ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഹമാസ് ആറ് പ്രധാന നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ശാശ്വതവും സമഗ്രവുമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കുക, ഗാസയിലെ മുഴുവന്‍ പ്രദേശങ്ങളില്‍നിന്നും ഇസ്രായേലി സേനയെ പൂര്‍ണ്ണമായി പിന്‍വലിക്കുക, മാനുഷിക, ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഒഴിവാക്കുക, തടവുകാരുടെ കൈമാറ്റത്തിന് ന്യായമായ കരാര്‍ കൊണ്ടുവരിക, ഗാസ വിട്ടുപോയ ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരിക, പുനര്‍നിര്‍മ്മാണ പ്രക്രിയ പലസ്തീന്‍ ദേശീയ സാങ്കേതിക വിദഗ്ധരുടെ സംഘടനയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുക എന്നിവയാണവ. കരാര്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം വ്യക്തമാക്കി.

ട്രംപിന്റെ കരാറിനെ ഇസ്രായേലും പ്രധാന അറബ് രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഈജിപ്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ ആദ്യ രണ്ടു ദിവസങ്ങളില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തി പകരാനായി, അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും, ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്‌നറും ഇന്ന് ഈജിപ്തിലെത്തും. ഇസ്രായേലി സ്ട്രാറ്റജിക് കാര്യ മന്ത്രി റോണ്‍ ഡെര്‍മറും, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനിയും ഇന്ന് ചര്‍ച്ചകളില്‍ പങ്കുചേരുമെന്നും വിവരമുണ്ട്.