ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടര്‍ന്ന് രണ്ട് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തമിഴ്നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വില്പന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളര് നടപടി ആരംഭിച്ച സാഹചര്യത്തിലാണ് കേരളം കര്‍ശന നടപടി സ്വീകരിച്ചത്. കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തില്‍ ഉടനീളം നിര്‍ത്തിവെക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി.്
ശ്രീശന് ഫാര്‍മയ്ക്ക് പുറമെ, ഗുജറാത്തിലെ റെഡ്നെക്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച റെസ്പിഫ്രഷ് ടി.ആര്. (Respifresh TR) എന്ന ചുമ സിറപ്പിന്റെ (60ml syrup, Batch. No. R01GL2523) വിതരണവും വില്പനയും നിര്‍ത്തിവെക്കാന്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഉത്തരവിട്ടു. ഈ മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഈ മരുന്നുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ ഉപയോഗം നിര്‍ത്തണം. സംസ്ഥാനത്തെ അഞ്ച് വിതരണക്കാര്‍ക്കാണ് മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഈ മരുന്നുകള്‍ വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് മരുന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.