Operation Numkhor| ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കുന്നതില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Jaihind News Bureau
Tuesday, October 7, 2025

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ട് നല്‍കുന്നതില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുപത് വര്‍ഷത്തെ രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യം തള്ളിയാല്‍ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.

വിദേശത്ത് നിന്ന് എത്തിച്ച വാഹനത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതായി നിലപാട് അറിയിച്ച കസ്റ്റംസ് ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി.തന്റെ ലാന്‍ഡ് റോവര്‍ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത് മുന്‍വിധിയോടെയെന്നും കൈമാറിയ രേഖകള്‍ പോലും ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിദേശത്ത് നിന്ന് ചട്ടംലംഘിച്ച് എത്തിയ വാഹനമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയെന്ന് കസ്റ്റംസ് കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. ഹൈക്കോടതിയിലെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസിലെ അപ്പലറ്റ് ട്രൈബ്യൂണലിനെയാണ് ദുല്‍ഖര്‍ സമീപിക്കേണ്ടതെന്നും കസ്റ്റംസ് നിലപാടെടുത്തു.

ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രമാണ് വിട്ട് നല്‍കാന്‍ നടന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് സമാന ക്ലെയിം മറ്റ് വാഹനങ്ങളുടെ കാര്യത്തില്‍ ഇല്ലാത്തതെന്നും കസ്റ്റംസ് എതിര്‍വാദമുന്നയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണര്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനത്തിന്റെ ഇരുപത് വര്‍ഷത്തെ രേഖകളടക്കം ഹാജരാക്കണം. ദുല്‍ഖറിനെ കൂടി കേട്ട ശേഷം അന്വേഷണ വിവരങ്ങള്‍ കൂടി പരിഗണിച്ച് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദ്ദേശം. വാഹനം വിട്ട് നല്‍കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം വിശദമാക്കി ഉത്തരവായി ഇറക്കാനും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടു.

വാദത്തിനിടെ കസ്റ്റംസിനോടും കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു. പല കൈകളിലൂടെ കൈമാറി വന്ന വാഹനത്തിന്റെ ഒടുവിലെ ഉടമയാണ് ദുല്‍ഖര്‍. ഇതില്‍ ആരാണ് ഉത്തരവാദിയെന്നും ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയതെന്നും കോടതി ചോദിച്ചു. വിവരങ്ങള്‍ കൂട്ടിക്കുഴയ്ക്കാതെ ഓരോ വാഹനത്തിന്റെയും ക്രമക്കേട് എന്തെന്ന് വ്യക്തമാക്കാന്‍ കസ്റ്റംസിനോട് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്വേഷണത്തിന്റെ ഇത് വരെയുള്ള വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിക്ക് കൈമാറി. ഇതിനിടെ ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത 34 വാഹങ്ങള്‍ ഉടമകളുടെ തന്നെ സേഫ് കസ്റ്റഡിയിലേക്ക് കസ്റ്റംസ് മാറ്റിയെന്ന വിവരവും പുറത്ത് വന്നു. നിയമനടപടികള്‍ പൂര്‍ത്തിയാവും വരെ വാഹനങ്ങള്‍ റോഡിലിറക്കാതെ ആര്‍ സി ഉടമകളുടെ വീട്ടിലോ, ഗരാജുകളിലോ സൂക്ഷിക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍ അന്വേഷണം തുടരുന്നതിനാല്‍ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലക്കലിന്റെയും ലാന്റ് റോവര്‍ വാഹനങ്ങള്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്. പല വാഹനങ്ങളും സംസ്ഥാനം വിട്ടതോടെ രണ്ടാഴ്ചക്കുശേഷവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ അന്വഷണസംഘത്തിന് സാധിച്ചിട്ടില്ല.