Rain| സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Jaihind News Bureau
Tuesday, October 7, 2025

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ബുധന്‍ മുതല്‍ വെള്ളി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച (ഒക്ടോബര്‍ 8) കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച (ഒക്ടോബര്‍ 10) പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് (24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ).

ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ, ഒക്ടോബര്‍ 8 മുതല്‍ 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അറിയിപ്പുണ്ടെങ്കിലും, അറബിക്കടലിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 മുതല്‍ 9 വരെ മധ്യ പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 10-ന് മധ്യ പടിഞ്ഞാറന്‍, മധ്യ കിഴക്കന്‍ അറബിക്കടലിലും സമാനമായ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.