Nobel Prize in Physics| ഊര്‍ജ്ജ ക്വാണ്ടൈസേഷന്‍; ക്വാണ്ടം കമ്പ്യൂട്ടിംഗിന് വഴി തുറന്ന കണ്ടെത്തല്‍: 2025 ലെ ഭൗതികശാസ്ത്ര നോബല്‍ മൂന്ന് പേര്‍ക്ക്

Jaihind News Bureau
Tuesday, October 7, 2025

 

2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. ജോണ്‍ ക്ലാര്‍ക്ക്, മൈക്കള്‍ എച്ച്. ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മാക്രോസ്‌കോപ്പിക് തലത്തിലുള്ള ക്വാണ്ടം മെക്കാനിക്കല്‍ ടണലിംഗും വൈദ്യുത സര്‍ക്യൂട്ടുകളിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് അംഗീകാരം. ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ വികസനത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണായകമാണ്.

ക്വാണ്ടം മെക്കാനിക്കല്‍ പ്രതിഭാസങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥയുടെ പരമാവധി വലിപ്പം എത്രയായിരിക്കുമെന്നത് ഭൗതികശാസ്ത്രത്തിലെ ഒരു പ്രധാന ചോദ്യമായിരുന്നു. കൈയ്യിലൊതുങ്ങുന്നത്ര വലിപ്പമുള്ള ഒരു വൈദ്യുതി സര്‍ക്യൂട്ടില്‍ ക്വാണ്ടം മെക്കാനിക്കല്‍ ടണലിംഗും, ക്വാണ്ടൈസ്ഡ് ഊര്‍ജ്ജ നിലകളും സാധ്യമെന്ന് തെളിയിക്കാന്‍ ജോണ്‍ ക്ലാര്‍ക്കിനും സംഘത്തിനുമായി. 1984-നും 85-നും ഇടയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരിക്കുമ്പോള്‍ നടത്തിയ ഈ ഗവേഷണത്തിനാണ് ഇപ്പോള്‍ പുരസ്‌കാരം ലഭിച്ചത്.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രതിനിധികളാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഈ പുരസ്‌കാരത്തോടെ ഭൗതികശാസ്ത്ര നോബല്‍ ഇതുവരെ 118 തവണ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം (2024) മെഷീന്‍ ലേണിംഗ് രംഗത്തെ അതികായന്മാരായ ജോണ്‍ ജെ. ഹെപ്പ്ഫീല്‍ഡിനും ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു ഭൗതികശാസ്ത്ര നോബല്‍ ലഭിച്ചത്.

അമേരിക്കന്‍ ഗവേഷകരായ മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ജാപ്പനീസ് ഗവേഷകന്‍ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കായിരുന്നു 2025ലെ വൈദ്യശാസ്ത്ര നോബല്‍. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാതിരിക്കാന്‍ സഹായിക്കുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. രസതന്ത്ര നോബല്‍ ബുധനാഴ്ചയും, സാഹിത്യ നോബേല്‍ വ്യാഴാഴ്ചയും, സമാധാന നോബേല്‍ ഒക്ടോബര്‍ പത്താം തീയതിയും, സാമ്പത്തിക ശാസ്ത്ര നോബേല്‍ ഒക്ടോബര്‍ പതിമൂന്നിനുമായാണ് പ്രഖ്യാപിക്കുക.