Sunny Joseph MLA| ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടില്‍; ദേവസ്വം മന്ത്രി രാജിവെക്കണം, സി.ബി.ഐ. അന്വേഷണം വേണമെന്നും സണ്ണി ജോസഫ് എം.എല്‍.എ

Jaihind News Bureau
Tuesday, October 7, 2025

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ഈ വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടിലാണെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഹൈക്കോടതി വിധി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കുറ്റകരമായ കുറ്റകൃത്യത്തിലെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്. സംഭവം ക്ഷേത്ര വിശ്വാസത്തെയും ആചാരങ്ങളെയും സാരമായി ബാധിക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി രാജിവെക്കണം. സംസ്ഥാന പോലീസിന്റെ നിഷ്പക്ഷതയില്‍ സംശയമുള്ളതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ. അന്വേഷണം വേണം. ‘സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ ഇടപെടല്‍ സാധ്യതയുണ്ടെന്നും
അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് അഭികാമ്യമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ മോഷണം നടന്നിരിക്കാന്‍ സാധ്യതയുണ്ട്. ദേവസ്വം മന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും, മുഖ്യമന്ത്രിക്ക് ഒരു ന്യായീകരണവും ഇല്ലാത്തതിനാലാണ് പ്രതികരിക്കാത്തതെന്നും സണ്ണി ജോസഫ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ നയിക്കുന്ന ജാഥ നടത്തുമെന്നും, അത് ഒക്ടോബര്‍ 18-ന് പന്തളത്ത് സമാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.