ശബരിമലയിലെ സ്വർണ കൊള്ളയിൽ കലുഷിതമായി തുടർച്ചയായ രണ്ടാം ദിനവും നിയമസഭ സ്തംഭിച്ചു. കഴിഞ്ഞ ദിവസത്തിന് സമാനമായ നിലയിൽ ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ സ്വർണക്കൊള്ള പ്രതിപക്ഷം സഭയിൽ ഉയർത്തി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റേയും രാജി ആവശ്യപ്പെട്ട് ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇക്കാര്യത്തിൽ ഒളിച്ചു കളി തുടരുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്ലക്കാർടുകളും ബാനറുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധമാരംഭിച്ചു. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ സഭാ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. വീണ്ടും സഭ ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. പ്രതിഷേധങ്ങൾക്കിടയിൽ നടപടികൾ വേഗത്തിലാത്തിലാക്കി സ്പീക്കർ ഇന്നത്തെ സമ്മേളനം നേരത്തെ അവസാനിപ്പിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധ പ്രകടനമായി സഭ വിട്ടിറങ്ങി.
ശബരിമലയിലെ ഗുരുതര കളവും ദ്വാരപാലക ശില്‍പ വില്പനയും വിശ്വാസികളെ ദേവസ്വം ബോര്‍ഡ് വഞ്ചിച്ചെന്നുമുള്ള ഹൈക്കോടതി വിധി പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന്പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഏതു കോടീശ്വരനാണ് ശില്പം വിറ്റ തെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കളവ് നടന്നിട്ടും ദേവസ്വം ബോർഡ് അത് ഒളിച്ചുവെച്ചു എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
സ്വർണ്ണ കൊള്ളയിൽ സഭയ്ക്ക് അകത്തും പുറത്തും വരുംദിവസങ്ങളിലും പ്രതിഷേധം തുടരുവാനാണ് പ്രതിപക്ഷവും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്.