ഗുരുതര വിഷയം ഉണ്ടായിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ദ്വാരപാലക ശില്പം അടിച്ചുമാറ്റിയിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മന്ത്രി ആ സ്ഥാനത്ത് തുടരുമ്പോള്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കില്ല. അതുകൊണ്ടാണ് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് ശബരിമലയില്‍ നടന്നത്. ഹൈക്കോടതി ഇടപെട്ട് ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇപ്പോള്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന ആഗോള അയ്യപ്പസംഗമത്തിലൂടെ അകന്നുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരികെപ്പിടിച്ചുവെന്ന് ആശ്വസിച്ചിരുന്ന വേളയിലാണ് ഈ കനലെരിയുന്ന വിവാദം. നേട്ടങ്ങളുണ്ടാക്കിയെന്ന അവകാശവാദത്തിനിടയില്‍ സ്വര്‍ണപ്പാളി വിവാദം ശോഭ കെടുത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.