HIGHCOURT| സ്വര്‍ണപ്പാളി വിവാദം ദ്വാരപാലക പാളികളില്‍ അവസാനിക്കുന്നില്ല; ഹൈക്കോടതിയുടെ കണ്ടെത്തല്‍ നീളുന്നത് ഉന്നതരിലേക്ക്?

Jaihind News Bureau
Tuesday, October 7, 2025

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇപ്പോള്‍ ദ്വാരപാലക ശില്‍പങ്ങളിലെ ക്രമക്കേടുകളില്‍ മാത്രം ഒതുങ്ങുന്നില്ല. ശ്രീകോവിലിന്റെ കട്ടിളകളില്‍ പതിച്ചിരുന്ന സ്വര്‍ണ്ണപ്പാളികള്‍ക്ക് എന്തുസംഭവിച്ചുവെന്നതിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഓരോ ദിവസവും പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സിന്റെയും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ന്വഷണത്തിന് ശേഷം വലിയൊരു കൊള്ള പുറത്തുവരാന്‍ സാധ്യതയുണ്ട്. 2019 മാര്‍ച്ചില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതില്‍ കൊണ്ടുവന്നപ്പോള്‍ കട്ടിളകള്‍ ഇളക്കിയില്ലെങ്കിലും, കട്ടിളകളിലും സ്വര്‍ണ്ണം പതിച്ച ചെമ്പ് പാളികള്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്.

ദ്വാരപാലക പാളികള്‍ക്ക് ‘ചെമ്പ് പാളി’ എന്ന് രേഖപ്പെടുത്തിയതുപോലെ, കട്ടിളപ്പാളികളും ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോയി രേഖകളില്‍ കൃത്രിമം കാണിച്ചിരിക്കാമെന്നാണ് സംശയം. ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്രമക്കേടുകള്‍ നടത്തുമ്പോള്‍ എന്‍. വാസു ദേവസ്വം കമ്മീഷണറായിരുന്നു, പിന്നീട് അദ്ദേഹം പ്രസിഡന്റാവുകയും ചെയ്തു. മിച്ചം വന്ന സ്വര്‍ണ്ണം ഒരു പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പോറ്റി അയച്ച ഇ-മെയില്‍, ചോദ്യം ചെയ്യാതെ അന്നത്തെ പ്രസിഡന്റിന് ഫോര്‍വേഡ് ചെയ്ത നടപടി അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ദേവസ്വം വിജിലന്‍സ് എസ്.പി. സന്നിധാനത്ത് എത്തുകയും, വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യും. ഹൈക്കോടതി നിര്‍ദ്ദേശിച്ച എസ്‌ഐടി അന്വേഷണം ശനിയാഴ്ച ആരംഭിക്കും. ശബരിമലയുടെ പവിത്രതയെ ബാധിക്കുന്ന ഈ വിഷയത്തില്‍ സത്യം എത്രയും വേഗം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഭക്തരും നിയമസമൂഹവും.