സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചതെന്ന് വ്യക്തമാകുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി. മോഷ്ടാക്കളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അതിനാലാണ് ഇത്രയും വിവാദമുണ്ടായിട്ടും മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1998 ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ചെമ്പായി മാറിയതെങ്ങനെയെന്ന് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. വിശ്വാസി സമൂഹത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇടത് സര്‍ക്കാര്‍ ശബരിമലയുടെ സംരക്ഷകരല്ലെന്നും കട്ട് മുടിക്കാന്‍ വന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആട്ടിന്‍തോലിട്ട ചെന്നായയെ പോലെയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇപ്പോള്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന ആഗോള അയ്യപ്പസംഗമത്തിലൂടെ അകന്നുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരികെപ്പിടിച്ചുവെന്ന് ആശ്വസിച്ചിരുന്ന വേളയിലാണ് ഈ കനലെരിയുന്ന വിവാദം. നേട്ടങ്ങളുണ്ടാക്കിയെന്ന അവകാശവാദത്തിനിടയില്‍ സ്വര്‍ണപ്പാളി വിവാദം ശോഭ കെടുത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.