ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷം തികയുന്ന നിര്‍ണ്ണായക ഘട്ടത്തില്‍, ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ നടന്ന ഗാസ സമാധാന ചര്‍ച്ചകളുടെ ഒന്നാം ഘട്ടം നല്ല അന്തരീക്ഷത്തില്‍ സമാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതി കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ഈ കൂടിക്കാഴ്ചയില്‍ ബന്ദികളുടെ മോചനവും പലസ്തീന് തടവുകാരുടെ കൈമാറ്റവുമാണ് ആദ്യ ഘട്ടത്തില്‍ ചര്‍ച്ച ചെയ്ത സുപ്രധാന വിഷയങ്ങള്‍. പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിര്‍ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാല്‍ ഹിര്‍ഷ് എന്നിവര്‍ ഉള്‍പ്പെടെ ഇസ്രയേല്‍ പ്രതിനിധി സംഘവും, ചാരസംഘടനയായ മൊസാദിന്റെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഹമാസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈജിപ്തിലെത്തിയത്. ഈ മധ്യസ്ഥ നീക്കങ്ങള്‍ ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
2023 ഒക്ടോബര്‍ 7-ന് ഹമാസ് തെക്കന്‍ ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഈ ആക്രമണത്തില്‍ ഏകദേശം 1200 പേര് കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍, ഗാസയിലെ പലസ്തീന് ജനതയ്ക്ക് വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. ഇതുവരെ ഗാസയില്‍ 67,160-ല്‍ അധികം പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 1,69,679-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഗാസ കൊടുംപട്ടിണിയിലാണ്. ഗാസയിലെ 22 ലക്ഷം ജനങ്ങളില്‍ 90 ശതമാനത്തിലധികം പേരും ഭവനരഹിതരായി ദുരിതമനുഭവിക്കുകയാണ്.