ശബരിമല സ്വര്‍ണപ്പാളി കേസില്‍ ഹൈക്കോടതിയുടെ കര്‍ശന ഇടപെടല്‍. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. 2019-ലെ മഹസര്‍ രേഖകള്‍ ദുരൂഹമാണെന്നും സ്വര്‍ണം പൂശിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വര്‍ണപ്പാളിയെ മഹസറില്‍ ചെമ്പാക്കിയത് തന്നെ ക്രമക്കേട് നടന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ഹൈക്കോടതി വിലയിരുത്തി.
സ്വര്‍ണം പൂശിയ തകിടുകള്‍ 2019-ലെ മഹസര്‍ രേഖകളില്‍ ‘ചെമ്പ് തകിടുകള്‍’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം പൂശിയതിന്റെ വിശദാംശങ്ങള്‍ ഒന്നും ഇല്ലാതിരുന്നത് അസാധാരണമാണ് എന്നും ഇത് ക്രമക്കേടുകള്‍ വ്യക്തമായി സൂചിപ്പിക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
ഈ സാഹചര്യത്തില്‍, ക്രമക്കേടുകളില്‍ സമഗ്രവും വിശദവുമായ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന്റെ ഭാഗമായി, 2019-ന് മുമ്പും ശേഷവുമുള്ള ദ്വാരപാലക സ്വര്‍ണപ്പാളിയുടെ ചിത്രങ്ങള്‍ ഒത്തുനോക്കാന്‍ ദേവസ്വം വിജിലന്‍സിന് ഹൈക്കോടതി അനുമതി നല്കി. കൂടാതെ, സ്ട്രോങ് റൂമിലെ മുദ്ര വെച്ച ദ്വാരപാലക പാളികള്‍ പരിശോധിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ശക്തമായ അന്വേഷണം നടക്കുമെന്നതിന്റെ സൂചനയാണ് ഈ ഉത്തരവുകള്‍.