G.SUDHAKARAN| ‘സ്വര്‍ണപ്പാളി മോഷ്ടിച്ചതില്‍ നമ്പര്‍ വണ്‍’; വൃത്തികേടുകളിലും കേരളം മുന്‍പന്തിയിലെന്ന് ജി.സുധാകരന്‍

Jaihind News Bureau
Monday, October 6, 2025

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കേരളം വൃത്തികേടുകളിലും മുന്‍പന്തിയിലെന്ന് മുന്‍ ദേവസ്വം വകുപ്പ് മന്ത്രി ജി. സുധാകരന്‍. ആലപ്പുഴയില്‍ കെപിസിസി സാംസ്‌കാരിക സാഹിതിയുടെ തെക്കന്‍ മേഖലാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളം എല്ലാത്തിലും ‘നമ്പര്‍ വണ്‍’ ആണെന്ന് മത്സരിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം ആയില്ല,’ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ നടക്കുന്ന ‘വൃത്തികേടുകളില്‍’ നമ്മള്‍ മുന്‍പന്തിയിലാണ്. സ്വര്‍ണപ്പാളി മോഷ്ടിച്ചുകൊണ്ടുപോയതില്‍ പോലും നമ്മള്‍ ‘നമ്പര്‍ വണ്‍’ ആയി മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ എല്ലാ പാര്‍ട്ടിക്കാരും അന്വേഷണം ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല കാര്യങ്ങളിലും നമ്മള്‍ ‘നമ്പര്‍ വണ്‍’ ആണെങ്കിലും, മറ്റ് എത്രയോ കാര്യങ്ങളില്‍ പുറകിലാണ്. ‘നമ്പര്‍ വണ്‍’ ആകുന്നതിലല്ല കാര്യം. ‘നമ്പര്‍ വണ്‍’ എന്നാല്‍ ഇനി വളരാനില്ല എന്നാണ് അര്‍ത്ഥം, അങ്ങനെയാകാന്‍ മനുഷ്യന് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമല സ്വര്‍ണപ്പാളി മോഷണത്തെ ഉദാഹരണമാക്കി, കേരളം ‘നമ്പര്‍ വണ്‍’ ആണെന്ന അമിത വാദത്തെ വിമര്‍ശിക്കുകയും, അഴിമതികളിലും കുറവുകളിലും കേരളം മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.