തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. തന്നെപ്പോലെ കോടിക്കണക്കിന് അയ്യപ്പഭക്തര്‍ ഈ സംഭവത്തില്‍ ദുഃഖിതരാണെന്ന് അദ്ദേഹം പറഞ്ഞു.
അയ്യപ്പന്റെ മുതല്‍ അടിച്ചുമാറ്റുന്നവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സംഭവം നടന്നിട്ടും ഇതുവരെ മുഖ്യമന്ത്രി വായ തുറന്നിട്ടില്ല. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവിതാംകൂര്‍ ദേവസ്വം ആക്ട് നിലവില്‍ വന്നതിനുശേഷം ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ‘സ്വര്‍ണം മാത്രമല്ല, ഭക്തര്‍ കാണിക്കയായി നല്‍കുന്ന പലതും അടിച്ചുമാറ്റുകയാണ്. കാണിക്കയും സ്വര്‍ണവും സ്വര്‍ണപ്പാളികളും അടിച്ചുമാറ്റുന്നു,’ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ അനുവാദമില്ലാതെ ശബരിമലയില്‍ ഒരു കാര്യവും ചെയ്യാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.