ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പൂപ്പാറ ചൂണ്ടല്‍ സ്വദേശി വേലുച്ചാമിയാണ് മരിച്ചത്. ചൂണ്ടലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് വേലുച്ചാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണം നടത്തിയത് സമീപ പ്രദേശങ്ങളില്‍ ഭീതി പരത്തുന്ന ‘ചക്കക്കൊമ്പന്‍’ എന്നറിയപ്പെടുന്ന കാട്ടാനയാണെന്നാണ് സൂചന.
ആക്രമണത്തിന് ശേഷം എട്ടോളം കാട്ടാനകള്‍ സംഭവസ്ഥലത്തും പരിസരത്തും നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ മൃതദേഹം മാറ്റാനുള്ള ശ്രമം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ മേഖലയില്‍ ഏകദേശം പതിനാലോളം കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചതോടെ നാട്ടുകാരും ഭീതിയിലാണ്. മൃതദേഹം മാറ്റുന്നതിനും തുടര്‍നടപടികള്‍ക്കുമായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമങ്ങള്‍ തുടരുകയാണ്.