ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി വീണ്ടും നിര്‍ത്തിവെച്ചു. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഗണിച്ച് ഏര്‍പ്പെടുത്തിയ നിരോധനം ഈ വരുന്ന വെള്ളിയാഴ്ച വരെയാണ് നീട്ടിയത്. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖും ഹരിശങ്കര്‍ വി. മേനോനും അടങ്ങുന്ന ബെഞ്ച് ടോള്‍ പിരിവ് നിരോധനം നീട്ടിയത്.
മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ നിലവില്‍ നാല് ‘ബ്ലാക്ക് സ്പോട്ടുകള്‍’ ഉണ്ടെന്നും, അടിപ്പാത നിര്‍മ്മാണം കാരണം റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി നേരത്തെ ടോള്‍ പിരിവ് തടഞ്ഞത്. പൊതുപ്രവര്‍ത്തകനായ അഡ്വക്കേറ്റ് ഷാജി കോടംകണ്ടത്താണ് ഹൈക്കോടതിയെ സമീപിച്ചത്.
പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാതാ അതോറിറ്റി (എന്‍എച്ച്എഐ) സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ‘കുഴിയിലൂടെ സഞ്ചരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ല’ എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി് വ്യക്തമാക്കിയിരുന്നു.
ടോള്‍ പിരിവ് നിരോധനം നീട്ടിയ ഹൈക്കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പരാതിക്കാരനായ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സര്‍വീസ് റോഡുകള്‍ പൂര്‍ണ്ണമാക്കാതെ ടോള്‍ പിരിക്കാന്‍ കമ്പനിക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.