പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ഡോ. മുസ്തഫ, ഡോ. സര്‍ഫറാസ് എന്നിവര്‍ക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി എന്ന ഒമ്പത് വയസുകാരിയുടെ വലത് കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്ലാസ്റ്റര്‍ ഇട്ടിരുന്നു. എന്നാല്‍, പ്ലാസ്റ്റര്‍ ഇട്ടതിനു ശേഷവും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.
തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കൈയിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും, തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കൈ മുറിച്ചുമാറ്റുകയുമായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ചികിത്സാ പ്രോട്ടോക്കോളില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍ മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ സര്‍ഫറാസ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരുവര്‍ക്കും സസ്പെന്‍ഷന്‍ തുടരും.