കോലഞ്ചേരി: കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജനും സിപിഎം നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി20 നേതാവ് സാബു എം ജേക്കബ്. ട്വന്റി20 സ്ഥാനാര്‍ത്ഥിയാകാന്‍ പി.വി. ശ്രീനിജന്‍ തന്നെ സമീപിച്ചിരുന്നുവെന്നും സി.പി.എം. നേതാക്കളായ സി.എന്‍. മോഹനനും പി. രാജീവും രസീതുകളില്ലാതെ പണം കൈപ്പറ്റിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സാബു എം. ജേക്കബ് ഉന്നയിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കോലഞ്ചേരിയില്‍ നടന്ന സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനിജന്‍ എം.എല്‍.എ. ട്വന്റി20 സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ സമീപിച്ചിരുന്നുവെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. കൂടാതെ, വ്യവസായ മന്ത്രി പി. രാജീവും, സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും രസീതുകളില്ലാതെ പണം വാങ്ങി എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, അതിനു പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൂട്ടിക്കിടക്കുന്ന മാര്‍ക്കറ്റ് ഡിസംബര്‍ 20-ന് തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലുമായി ട്വന്റി20 മത്സരിക്കും. 1600 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി കളത്തിലിറക്കുന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു.