Donald Trump| ഗാസ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കും; ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

Jaihind News Bureau
Monday, October 6, 2025

വാഷിങ്ടണ്‍ ഡി.സി: ഗാസ മുനമ്പിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹമാസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഗാസയിലെ സമാധാന കരാറുമായി ബന്ധപ്പെട്ട് ഹമാസിന് അന്ത്യശാസനം നല്‍കിക്കൊണ്ടുള്ള ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്. ബന്ദികളുടെ മോചനത്തിനും കരാര്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഇസ്രായേല്‍ താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി.

‘ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാന്‍ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതൊന്നും ഞാന്‍ അനുവദിക്കില്ല. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാം. എല്ലാവരോടും നീതിപൂര്‍വ്വം പെരുമാറും!’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ കുറിച്ചു. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. അമേരിക്കന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി കയ്റോയില്‍ എത്തിച്ചേരും. ട്രംപിന്റെ 20-ഇന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും ഉടനടി വിട്ടയയ്ക്കാമെന്നാണ് ഹമാസ് പ്രധാനമായും അറിയിച്ചിട്ടുള്ളത്.

ഹമാസിന്റെ അനുകൂല നിലപാടിനെ തുടര്‍ന്ന്, ഇസ്രായേല്‍ ആക്രമണം നിര്‍ത്തണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ നിര്‍ദ്ദേശം വകവെക്കാതെ ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടരുകയാണ്. ഇന്ന് മാത്രം 19 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ, ഗാസയിലെ കടുത്ത പട്ടിണി കാരണം ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍, ഈജിപ്തിലെ ചര്‍ച്ചകള്‍ ഗാസയുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണ്ണായകമാകും.