ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ ആദരിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ലാല്‍ സലാം’ പരിപാടി വന്‍ വിവാദത്തില്‍. പരിപാടിക്കായി 2.84 കോടി രൂപ ചെലവായതായി സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയതാണ് പ്രധാന കാരണം. കോടികള്‍ ചെലവഴിച്ചതിനൊപ്പം, പരിപാടിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന പ്രതിപക്ഷ ആരോപണംകൂടി വന്നതോടെയാണ് വിവാദം ആളിക്കത്തിയത്.
സംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം പരിപാടിയുടെ നടത്തിപ്പിനായി 2,84,00,000 രൂപ ചെലവഴിച്ചു. കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നിവര്‍ക്കായിരുന്നു പരിപാടിയുടെ സംഘാടനച്ചുമതല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചതിലാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്.
അതേസമയം, സര്‍ക്കാര്‍ ഔദ്യോഗികമായി നടത്തിയ ചടങ്ങ് ഒരു ‘പാര്‍ട്ടി പരിപാടി’യായി മാറി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വേദിയില്‍ സജീവ സാന്നിധ്യമായി ഇരുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ വിമര്‍ശനം. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് പാര്‍ട്ടി പരിപാടി നടത്തിയെന്ന ആക്ഷേപമാണ് ശക്തമായിട്ടുള്ളത്.
ഈ ചടങ്ങ് സര്‍ക്കാരിന്റെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആരോപിച്ചിരുന്നു. മോഹന്‍ലാലിനെപ്പോലുള്ള ഒരു കലാകാരനെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചത് ശരിയായില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം, സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പ് മറികടക്കാനും ശബരിമല വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ഒരു തന്ത്രം മാത്രമാണ് ഈ ആദരിക്കല്‍ ചടങ്ങെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനശ്രദ്ധ മാറ്റാനായി സര്‍ക്കാര്‍ നടത്തുന്ന പി.ആര്‍. പരിപാടികളുടെ ഭാഗമാണിതെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.