RAMESH CHENNITHALA| അയ്യപ്പ സംഗമം എന്ന തെരഞ്ഞെടുപ്പ് പരിപാടിക്ക് വിശ്വാസികളുടെ കാണിക്ക ദുർവിനിയോഗം ചെയ്യുന്നു: രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, October 5, 2025

ശബരിമലയിൽ വിശ്വാസികളുടെ കാണിക്ക വരെ അടിച്ചുമാറ്റുന്ന ദേവസ്വം ബോർഡും സർക്കാരും വിശ്വാസികളുടെ പണം ദുർവിനിയോഗം ചെയ്താണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചത് എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

അയ്യപ്പ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച ധൂർത്തിന് മൂന്നു കോടി രൂപയാണ് അതിൻറെ ഇവൻ്റ് മാനേജ്മെൻറ് കമ്പനിക്ക് ദേവസ്വം ബോർഡ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് ഒരു പൈസ പോലും ചെലവാക്കില്ല എന്നും സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തും എന്നുമായിരുന്നു സർക്കാരിന്റെയും ബോർഡിന്റെയും വീരവാദം. തെരഞ്ഞെടുപ്പ് സ്റ്റണ്ടായി അയ്യപ്പ സംഗമം തീരുമാനിച്ചപ്പോൾ തന്നെ ധൂർത്തിനെ കുറിച്ച് എല്ലാവരും മുന്നറിയിപ്പ് നൽകിയതാണ്.

പക്ഷേ സ്പോൺസർഷിപ്പ് ന്യായം പറഞ്ഞാണ് അന്ന് ബോർഡും സർക്കാരും പിടിച്ചുനിന്നത്. ഇപ്പോൾ ദേവസ്വം ബോർഡിൻറെ സർപ്ളസ് ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപയാണ് ഇവൻറെ മാനേജ്മെൻറ് കമ്പനിക്ക് കൈമാറിയത്. 8.2 കോടി രൂപയാണ് മൊത്തം നൽകാൻ ഉള്ളത് എന്നാണ് വിവരം. അയ്യപ്പ സംഗമം പൊളിഞ്ഞുപോയ സ്ഥിതിക്ക് മുഴുവൻ പണവും ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ പോകും എന്നത് ഉറപ്പാണ്.

ഇടതുപക്ഷ സർക്കാരിൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ അയ്യപ്പ സംഗമത്തിന് കേരളത്തിലെ ഭക്തജനങ്ങൾ നൽകിയ ദേവസ്വം ബോർഡിൻറെ പണം ദുർവിനിയോഗം ചെയ്യുന്നത് അങ്ങേയറ്റം ഗൗരവമായ തെറ്റാണ്.

അവിശ്വാസികളും കപട ഭക്തന്മാരുമായ ഒരു കൂട്ടം ആളുകൾ കേരളത്തില ക്ഷേത്രങ്ങളിൽ കാണിക്ക ലഭിക്കുന്ന പണവും മുതലും കബളിപ്പിച്ചു കൊണ്ടുപോകുന്ന ഭീകരാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഈ കപട ഭക്തന്മാരെ എത്രയും പെട്ടെന്ന് നിർമാർജനം ചെയ്തു പൂങ്കാവനത്തിന്റെയും ക്ഷേത്ര പരിസരങ്ങളുടെയും പരിശുദ്ധി വീണ്ടെടുക്കണം – രമേശ് ചെന്നിത്തല പറഞ്ഞു.