തലശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ മുഴുവന്‍ കള്ളക്കളികളും ഓരോന്നായി പുറത്തുവരികയാണെന്ന് ഷാഫി പറമ്പില്‍ എം.പി. നിലവിലുള്ള ദേവസ്വം മന്ത്രിയെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും ഉടന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതൊരു സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണ്,’ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. നിലവിലെ മന്ത്രിയും പ്രസിഡന്റും സ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണം നീതിയുക്തമാകില്ല. ഇവരുടെ അസാന്നിധ്യത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരും. സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രം അന്വേഷിച്ചാല്‍ അത് തട്ടിപ്പു നടത്തിയവര്‍ തന്നെ അന്വേഷിക്കുന്നതിന് തുല്യമാകും. അതുകൊണ്ട്, വിശ്വാസ്യത ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷാഫി പറമ്പില്‍ എം.പി. ആവശ്യപ്പെട്ടു.