ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദത്തിന്റെ’ മുഖപ്രസംഗത്തിലാണ് ദേവസ്വം ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതികളും തുറന്നുകാട്ടി വെള്ളാപ്പള്ളി ആഞ്ഞടിച്ചത്. സമ്പന്നരായ ഭക്തരെ സൂത്രപ്പണികളിലൂടെ ചൂഷണം ചെയ്യുന്ന ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെട്ട ‘ഗൂഢസംഘങ്ങള്‍’ ദേവസ്വം ക്ഷേത്രങ്ങളില്‍ വിലസുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദേവസ്വം ഭരണത്തില്‍ നല്ല കാര്യങ്ങളെക്കാള്‍ കൂടുതലും കെട്ട കാര്യങ്ങളാണെന്നും അദ്ദേഹം മുഖപ്രസംഗത്തില്‍ പറയുന്നു.
കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും രത്നവും കൈകാര്യം ചെയ്യുന്നതില്‍ നിലവില്‍ യാതൊരു സുതാര്യതയുമില്ല എന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. ദേവസ്വം ബോര്‍ഡുകളുടെ സ്വയംഭരണം പേരിന് മാത്രമാണെന്നും, സര്‍ക്കാര്‍ നിശ്ചയിക്കുന്നവര്‍ ഭരണത്തില്‍ വരുമ്പോള്‍ രാഷ്ട്രീയം അതിന്റെ കൂടപ്പിറപ്പായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഭരണകര്‍ത്താക്കള്‍ അപ്രധാനവും അനാവശ്യവുമായ പല പദ്ധതികളും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി, അതിന്റെ മറവില്‍ കോടികളുടെ തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖപ്രസംഗം ശക്തമായി വിമര്‍ശിക്കുന്നു.
കൂടാതെ, മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ക്ഷേത്ര ഭരണത്തില്‍ മാത്രം സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ട കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. ചരിത്രപരമായ ചില കാരണങ്ങളാല്‍ തുടങ്ങിയ ഈ രീതി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് ഭരണത്തിലെ രാഷ്ട്രീയ ഇടപെടലുകളും അഴിമതികളുമാണ് ക്ഷേത്രങ്ങളുടെ യഥാര്‍ത്ഥ വികസനത്തിന് തടസ്സമെന്നും വെള്ളാപ്പള്ളി നടേശന് ചൂണ്ടിക്കാട്ടി.