Onam Bumper| അത് ഭാഗ്യവാനല്ല… ഭാഗ്യവതി! മാധ്യമങ്ങളെ കാണാന്‍ താല്‍പര്യമില്ല; 25 കോടിയുടെ ഉടമ അജ്ഞാതയായി തുടരും

Jaihind News Bureau
Sunday, October 5, 2025

കൊച്ചി: 25 കോടി രൂപയുടെ ഓണം ബംപര്‍ അടിച്ചത് സ്ത്രീക്ക്. ഭാഗ്യവതി ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. എറണാകുളം നെട്ടൂര്‍ സ്വദേശിനിക്കാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. എന്നാല്‍ മാധ്യമങ്ങളെ കാണാന്‍ താത്പര്യമില്ലെന്ന് അവര്‍ അധികൃതരെ അറിയിച്ചു. ഇതോടെ ഭാഗ്യശാലിയുടെ പേര് അജ്ഞാതമായി തുടരും.

ലോട്ടറി ടിക്കറ്റ് നേരിട്ട് ബാങ്കില്‍ ഏല്‍പ്പിക്കാനാണ് ‘ഭാഗ്യവതിയുടെ’ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സമ്മാനജേതാവ് മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അവസാന നിമിഷം ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

ലോട്ടറി വിറ്റ ഏജന്‍സി ഉടമയായ ലതീഷ് നല്‍കിയ സൂചനകള്‍ പ്രകാരം സമ്മാനം നേടിയത് നെട്ടൂര്‍ സ്വദേശി തന്നെയാണ്. വൈറ്റിലയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

‘സമ്മാന ജേതാവ് ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന വ്യക്തിയല്ല. ഓണം ബമ്പറിനായി സ്‌പെഷ്യലായി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ടിക്കറ്റ് ഞാന്‍ കണ്ടിട്ടില്ല, എന്റെ ഒരു സുഹൃത്തിനെയാണ് അവര്‍ ടിക്കറ്റ് കാണിച്ചത്,’ ലതീഷ് പറഞ്ഞു.

ഏജന്റായ ലതീഷിനും ഓണം ബമ്പര്‍ ഭാഗ്യം കൊണ്ടുവന്നു. ഒന്നാം സമ്മാനമായ 25 കോടിക്ക് കമ്മീഷനായി രണ്ട് കോടി രൂപയാണ് ലതീഷിന് ലഭിക്കുക. ഒരു മാസം മുന്‍പ് മാത്രം ലോട്ടറി കച്ചവടം തുടങ്ങിയ വ്യക്തിയാണ് ലതീഷ്.