കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. ആറ് കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. വിപണിയില്‍ ഏകദേശം ആറ് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണിത്.
ഫാഷന്‍ ഡിസൈനറായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് (29) കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് സിംഗപ്പൂര്‍ വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. ഇയാളുടെ ബാഗില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കവറുകളില്‍ ഒളിപ്പിച്ച നിലയില്‍ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് കടത്തുന്നതിനായി ഇയാള്‍ക്ക് ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. സിംഗപ്പൂര്‍ വഴി കൊച്ചിയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ വരുന്ന യാത്രക്കാരെ കസ്റ്റംസ് കര്‍ശനമായി നിരീക്ഷിച്ച് വരികയായിരുന്നു. ഈ പരിശോധനയിലാണ് ഫാഷന്‍ ഡിസൈനറായ അബ്ദുള്‍ ജലീല്‍ കുടുങ്ങിയത്.