Women’s World Cup| വനിതാ ലോകകപ്പില്‍ ഇന്ന് തീ പാറും പോരാട്ടം; ഇന്ത്യ പാകിസ്ഥാനെതിരെ

Jaihind News Bureau
Sunday, October 5, 2025

കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഏഷ്യാകപ്പ് ടി20യില്‍ പുരുഷ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിലെ ഹസ്തദാന വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് ക്രിക്കറ്റ് ലോകം മറ്റൊരു ഇന്ത്യ-പാക് പോരാട്ടത്തിനായി കാത്തിരിക്കുന്നത്. കൊളംബോ പ്രേമദാസെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരം.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്. സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത്, ദീപ്തി ശര്‍മ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ നിര മികച്ച ഫോമിലാണ്. ലങ്കയ്ക്കെതിരെ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.

അതേസമയം, ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് 7 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന്റെ നിരാശയിലാണ് പാകിസ്ഥാന്‍ ടീം. നായിക സന ഫാത്തിമയുടെ ബാറ്റിങ്ങിലും ബൗളിങ്ങിലുമാണ് അവരുടെ പ്രധാന പ്രതീക്ഷ. ഇന്നത്തെ കളിയില്‍ കൂടി തോറ്റാല്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ നില പരുങ്ങലിലാകും. പ്രധാന സ്പിന്നര്‍മാരായ സാദിയ ഇഖ്ബാല്‍, നഷ്റ സന്ദു എന്നിവരുടെ ഫോം ഔട്ട് ടീമിന് തിരിച്ചടിയാണ്.

മത്സരഫലം പോലെ തന്നെ ശ്രദ്ധേയമാകുന്നത് ഇരുടീമുകളുടെയും ഹസ്തദാന വിഷയമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടതില്ലെന്ന ബിസിസിഐയുടെ നിലപാട് ഈ മത്സരത്തിലും തുടരും. ഏഷ്യാകപ്പിലെ മൂന്ന് മത്സരങ്ങളിലും ഈ നയം തുടര്‍ന്നതായി ബിസിസിഐ അറിയിച്ചു.

ഇതുവരെ 27 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 24 തവണയും വിജയം ഇന്ത്യക്കായിരുന്നു. പാകിസ്ഥാന്‍ നേടിയ മൂന്ന് വിജയങ്ങളും ടി20 ഫോര്‍മാറ്റിലാണ്. ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആധിപത്യം തുടരുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.