Madhya Pradesh| മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച 2 കുട്ടികള്‍ കൂടി മരിച്ചു; മരണം 11 ആയി; ഡോക്ടര്‍ അറസ്റ്റില്‍

Jaihind News Bureau
Sunday, October 5, 2025

ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ ചുമയ്ക്ക് നല്‍കിയ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 11 ആയി. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ദുരന്തത്തിന് ഇരയായത്. കോള്‍ഡ്രിഫ് എന്ന കഫ് സിറപ്പ് കഴിച്ചതാണ് മരണ കാരണം.

കഫ് സിറപ്പില്‍ വിഷാംശമുള്ള ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന വ്യാവസായിക രാസവസ്തു അടങ്ങിയിട്ടുണ്ട്. തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ലബോറട്ടറി പരിശോധനയില്‍, മരുന്നില്‍ 48.6% വരെ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. ഇത് ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുന്ന രാസവസ്തുവാണ്. സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് കോള്‍ഡ്രിഫ് സിറപ്പ് നിരോധിച്ചു.

മരുന്ന് കുറിച്ചു നല്‍കിയ ഡോക്ടറെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്ദ്വാരയിലെ പരാസിയയില്‍ പ്രൈവറ്റ് ക്ലിനിക്ക് നടത്തുന്ന ഡോ. പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ഡോക്ടര്‍ കൂടിയായ ഇദ്ദേഹം തന്റെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടികള്‍ക്കാണ് കോള്‍ഡ്രിഫ് സിറപ്പ് നിര്‍ദ്ദേശിച്ചത്.

കൂടാതെ, തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള കോള്‍ഡ്രിഫ് കഫ് സിറപ്പിന്റെ നിര്‍മ്മാതാക്കളായ സ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.