ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന് പോറ്റി. ദേവസ്വം വിജിലന്‍സിന്റെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തനിക്ക് ലഭിച്ചത് ചെമ്പ് തകിടാണെന്ന് ഉണ്ണികൃഷ്ണന് പോറ്റി ആവര്‍ത്തിച്ചു.
സംഭവത്തില്‍ താന്‍ പണം സമ്പാദിച്ചിട്ടില്ലെന്നും, ചെമ്പ് തകിട് ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് കൈമാറിയതെന്നും, അതിലുണ്ടായ ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നുമാണ് ഉണ്ണികൃഷ്ണന് പോറ്റി മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, പല പ്രധാന കാര്യങ്ങളിലും അദ്ദേഹം നല്കിയ മൊഴിയില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാകേണ്ടിവരും.
സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പീഠം കാണാതായ സംഭവത്തില്‍ ഉണ്ണികൃഷ്ണന് പോറ്റി സഹപ്രവര്‍ത്തകനെ പഴിചാരിയാണ് മൊഴി നല്‍കിയത്. സ്വര്‍ണ്ണപാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴികളും ദേവസ്വം വിജിലന്‍സ് ഉടന്‍ രേഖപ്പെടുത്തും. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.