Donald Trump| സമാധാന കരാറില്‍ ഉടന്‍ തീരുമാനമെടുക്കണം; വൈകിയാല്‍ പ്രത്യാഘാതം: ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

Jaihind News Bureau
Sunday, October 5, 2025

വാഷിംഗ്ടണ്‍ ഡി.സി: ഇസ്രായേലുമായുള്ള സമാധാന ഉടമ്പടിയില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കി. ഞായറാഴ്ച വൈകുന്നേരം ആറ് മണി വരെയാണ് കരാര്‍ അംഗീകരിക്കാന്‍ ട്രംപ് ഹമാസിന് അന്തിമമായി സമയം അനുവദിച്ചത്.

സമാധാന കരാറില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് ശക്തമായി മുന്നറിയിപ്പ് നല്‍കി. ‘ബന്ദികളെ ഉടന്‍ മോചിപ്പിക്കണം. ഹമാസ് വേഗത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ ‘എല്ലാ സാധ്യതകളും ഇല്ലാതാകും” എന്നും ‘മുച്ചൂടും മുടിക്കുമെന്നും’ ട്രംപ് ഭീഷണിപ്പെടുത്തി. സമാധാന കരാറിനും ബന്ദി മോചനത്തിനും അവസരം നല്‍കാനാണ് ഇസ്രായേല്‍ താല്‍ക്കാലികമായി ബോംബാക്രമണം നിര്‍ത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി സമ്മതം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഇസ്രായേലി ബന്ദികളെ വിട്ടയക്കാനും ഗാസയുടെ ഭരണം പലസ്തീന്‍ ടെക്‌നോക്രാറ്റുകള്‍ക്ക് കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എങ്കിലും, ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. നിലവില്‍ ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഇസ്രായേല്‍-ഹമാസ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും, മറ്റ് ഉപാധികളില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നാണ് ഹമാസിന്റെ ആവശ്യം.

ട്രംപ് നല്‍കിയിരിക്കുന്ന അന്തിമ സമയപരിധി അവസാനിച്ച സാഹചര്യത്തില്‍, ഹമാസിന്റെ അടുത്ത പ്രതികരണം എന്തായിരിക്കുമെന്ന ആകാംഷയിലാണ് ലോക രാഷ്ട്രങ്ങള്‍.