സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. തുടർന്ന് ‘ദേവസ്വം ബോർഡ്’ ആസ്ഥാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തേങ്ങയടിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്
ജില്ലാ പ്രസിഡൻറ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു. പിന്നിട് മാധ്യമങ്ങളെ കണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നടൻ ജയറാമിനെതിരെയും വിമർശനമുയർത്തി.
ഭക്തിയുടെ പേരിൽ ആണെന്ന് പറഞ്ഞാലും ജയറാമിന്റെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്ന് നേമം ഷജീർ പറഞ്ഞു. ശബരിമലയിലെ സ്വർണവാതിൽ വീട്ടിൽ കൊണ്ട് വന്നപ്പോൾ അക്കാര്യം ജയറാം അധികാരികളെ അറിയിക്കണമായിരുന്നെന്നദ്ദേഹം ചൂണിക്കാട്ടി. ജയറാമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു നടന് എങ്ങനെയാണ് ശബരിമല വിഷയത്തിൽ ഇത്ര നിസ്സാരമായി കാര്യങ്ങൾ കാണാൻ കഴിയുന്നതെന്നദ്ദേഹം ചോദിച്ചു.