ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇപ്പോള്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന ആഗോള അയ്യപ്പസംഗമത്തിലൂടെ അകന്നുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരികെപ്പിടിച്ചുവെന്ന് ആശ്വസിച്ചിരുന്ന വേളയിലാണ് ഈ കനലെരിയുന്ന വിവാദം. നേട്ടങ്ങളുണ്ടാക്കിയെന്ന അവകാശവാദത്തിനിടയില്‍ സ്വര്‍ണപ്പാളി വിവാദം ശോഭ കെടുത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
വിവാദത്തിന്റെ കേന്ദ്രബിന്ദുവില്‍ നില്ക്കുന്ന ഉണ്ണികൃഷ്ണന് പോറ്റിയെന്ന ദുരൂഹ വ്യക്തിത്വം ശബരിമലയില്‍ ഇത്രമേല്‍ സ്വാധീനം നേടിയതെങ്ങനെ എന്ന ചോദ്യം, ഭരണകക്ഷിയുടെ നെഞ്ചില്‍ തറയ്ക്കുന്ന മുള്ളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ദേവസ്വം പ്രസിഡന്റുമാരും ബോര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും സി.പി.എമ്മിന്റെ നോമിനികളായിരിക്കെ, ഈ ‘നിഗൂഢ വ്യക്തിത്വത്തിന്’ രാഷ്ട്രീയ സംരക്ഷണം നല്‍കിയതാര്? ഈ ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറാന്‍ സി.പി.എമ്മിന് കഴിയില്ല.
വിഷയം കൈവിട്ടുപോകാതിരിക്കാന്‍ സി.പി.എം ഇപ്പോള്‍ ഉഴലുകയാണ്. പാര്‍ട്ടിക്ക് പരിക്കേല്‍ക്കും മുന്‍പ് തന്നെ സമഗ്രമായ ഒരു അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം നല്കിയാലും, അതല്ലെങ്കില്‍ 1999 മുതലുള്ള കാര്യങ്ങള്‍ ഹൈക്കോടതിയുടെ മുന്‍പാകെ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടാലും, ഇതൊന്നും അണപൊട്ടിയൊഴുകുന്ന സംശയങ്ങളെ പിടിച്ചുകെട്ടാന്‍ മതിയാകുമോ എന്ന ആശങ്ക ശക്തമാണ്. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ പ്രദര്‍ശനത്തിനായി പലയിടത്തും എത്തിച്ചത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍, ദേവസ്വം ഭരണത്തില്‍ അവിശ്വാസത്തിന്റെ വിത്ത് പാകുകയാണ് ഈ സംഭവങ്ങള്‍.
ഈ വന്‍കിട ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനും, ദുരൂഹമായ സ്വാധീന ശക്തികള്‍ക്ക് കടിഞ്ഞാണിടാനും സര്‍ക്കാര്‍ തയ്യാറാകുമോ അതോ, പാര്ട്ടിത്തണലിലെ ഈ അഴിമതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.