കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തം മനുഷ്യനിര്‍മ്മിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍ ആരോപിച്ചു. കോഴിക്കോട് സബ് കലക്ടര്‍ ചെയര്‍മാനായി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമാണ്. തീപിടുത്തത്തിന് കാരണം കേടായ ബാറ്ററി ബങ്ക് ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബാറ്ററിയുടെ ആന്തരിക കേടുപാടുകളാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിലേക്ക് നയിച്ചത്. ബാറ്ററി ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും അത് മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് ദുരന്തത്തിന് ഉത്തരവാദികള്‍ എന്നും ദുല്‍ഖിഫില്‍ ആരോപിച്ചു.
യുപിഎസ് മുറികളില്‍ വെന്റിലേഷനും വായു സഞ്ചാരവും ഉറപ്പാക്കണമെന്ന 2016-ലെ നാഷണല്‍ ബില്‍ഡിംഗ് കോഡിലെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിഎസ് മുറി സെന്‍ട്രല്‍ എയര്‍ കണ്ടീഷനിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രത്യേക കൃത്രിമ വെന്റിലേഷന് ഇല്ലാത്തത് വീഴ്ചയായി. മെഡിക്കല്‍ കോളേജ് കാമ്പസില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് എഡിജിപി (ഇന്റലിജന്‍സ്) യുടെ കത്ത് വഴി ജില്ലാ കളക്ടറെ അറിയിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
കെട്ടിടത്തിന് കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്ന് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. കൂടാതെ, ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പില്‍ നിന്നുള്ള അന്തിമ എന്‍.ഒ.സി. 22/07/2023 ന് കാലഹരണപ്പെട്ടെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ പുതുക്കി നല്‍കിയിട്ടില്ല. ഈ പുതുക്കല്‍ നടത്താത്തത് ആശുപത്രിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടപ്പെടുത്തുന്നതിനും നിയമനടപടികള്‍ക്കും കാരണമായേക്കാം. ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ആറ് ലൈസന്‍സുകളും ഈ വര്‍ഷം കാലഹരണപ്പെട്ടു. ആശുപത്രി അധികൃതരുടെയും സര്‍ക്കാറിന്റെയും ഗുരുതരമായ അനാസ്ഥയുടെ ഭാഗമായാണ് ദുരന്തം സംഭവിച്ചതെന്ന് വ്യക്തമാണെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.പി. ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു.