V D Satheesan| സ്വര്‍ണപാളി വിവാദം: ‘ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചു’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍

Jaihind News Bureau
Saturday, October 4, 2025

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പഴയ ദേവസ്വം മന്ത്രിക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ബി. ഗ്രൂപ്പ് നല്‍കിയ സ്വര്‍ണ്ണത്തില്‍ എത്ര ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണം. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണ്ണപ്പാളി 40 ദിവസത്തിനു ശേഷമാണ് ചെന്നൈ കമ്പനിയില്‍ എത്തുന്നത്. ഈ സമയത്ത് എന്ത് സംഭവിച്ചു എന്നതിലാണ് ദുരൂഹതയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇടനിലക്കാരനായി നിയമിച്ച നടപടിയെ വി ഡി സതീശന്‍ ചോദ്യം ചെയ്തു. സ്വര്‍ണ്ണത്തില്‍ കുറവുണ്ടായി എന്ന് ആദ്യ തവണ കണ്ടെത്തിയിട്ടും വീണ്ടും ഇയാളെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഗൂഢാലോചനയുണ്ട്. ബോര്‍ഡില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ഇതിന്റെ പങ്കുപറ്റി. അതിനാല്‍, പഴയ ബോര്‍ഡ് പ്രസിഡന്റും ഇപ്പോഴത്തെ ബോര്‍ഡ് പ്രസിഡന്റും അടക്കമുള്ളവര്‍ അന്വേഷണ പരിധിയില്‍ വരണം. തട്ടിപ്പ് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെയും വി.ഡി. സതീശന്‍ ശക്തമായി വിമര്‍ശിച്ചു. ‘കപട ഭക്തിയുടെ മൂര്‍ദ്ധന്യാവസ്ഥയിലല്ലേ മുഖ്യമന്ത്രി?’ എന്ന് ചോദിച്ച അദ്ദേഹം, സ്വന്തം ആളുകള്‍ക്ക് പങ്കുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഈ തട്ടിപ്പിനെക്കുറിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.