Pathanamthitta| സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം; പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും 65 കാരി മരിച്ചു

Jaihind News Bureau
Saturday, October 4, 2025

 

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പത്തനംതിട്ട സ്വദേശിനിയായ 65 വയസ്സുള്ള കൃഷ്ണമ്മയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവുനായ കടിച്ചത്. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് പേ വിഷബാധ മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ മരണം. ഈ വര്‍ഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേവിഷബാധയേറ്റ് 23 പേര്‍ മരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ മരണസംഖ്യയില്‍ വലിയ വര്‍ധനവുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത് പൊതുജനാരോഗ്യ രംഗത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വാക്‌സിന്‍ എടുത്തവര്‍ പോലും മരിക്കുന്നത് ആരോഗ്യവകുപ്പിന് മുന്നില്‍ വലിയ ചോദ്യചിഹ്നമാവുകയാണ്.