Malappuram| മലപ്പുറത്ത് സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനും ഗോള്‍കീപ്പര്‍ക്കും മര്‍ദ്ദനം

Jaihind News Bureau
Saturday, October 4, 2025

മലപ്പുറം: മങ്കട ഉപജില്ലാ സ്‌കൂള്‍ കായികമേളയിലെ ഫുട്‌ബോള്‍ മത്സരത്തിനിടെ കായികാധ്യാപകനും ഗോള്‍കീപ്പര്‍ക്കും മര്‍ദ്ദനമേറ്റു. കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗോള്‍കീപ്പര്‍ ഹിസാന്‍, കായികാധ്യാപകന്‍ ശ്രീരാഗ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് സംഭവം. സെമി ഫൈനലില്‍ കൊളത്തൂര്‍ സ്‌കൂളിനോട് തോറ്റ പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ ടീമിലെ കുട്ടികളും ഒപ്പമുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് കായികാധ്യാപകന്‍ ശ്രീരാഗ് പരാതിപ്പെട്ടു. മര്‍ദനമേറ്റ ഇരുവരെയും ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.