ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ മാത്രം തെറ്റുകാരനാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രതികരണം. ദേവസ്വം ബോര്‍ഡ് തനിക്ക് നല്‍കിയത് യഥാര്‍ത്ഥ സ്വര്‍ണ്ണപ്പാളിയല്ല, മറിച്ച് ചെമ്പുപാളികളാണെന്നും അദ്ദേഹം ആരോപിച്ചു. യാഥാര്‍ത്ഥ്യമറിയാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കരുതെന്നും, തനിക്ക് നിയമത്തിലും കോടതിയിലും വിശ്വാസമുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു.
കട്ടിളപ്പാളികള്‍ നടന്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നുവെന്നത് അദ്ദേഹം സമ്മതിച്ചു. എന്നാല്‍, അവ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠം കാണാതായതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമാണുള്ളതെന്നും, പീഠം കാണാതായെന്ന് താനല്ല, മറിച്ച് വാസുദേവനാണ് പറഞ്ഞതെന്നും പോറ്റി വ്യക്തമാക്കി. വാസുദേവന് വ്യക്തിപരമായ പ്രശ്‌നങ്ങളും കുടുംബ പ്രതിസന്ധികളും ഉണ്ടായിരുന്നതിനാലാണ് പൂര്‍ണ്ണ ഉത്തരവാദിത്തം തന്നില്‍ നിക്ഷിപ്തമായത്. ആരില്‍ നിന്നും പണം പിരിച്ചിട്ടില്ലെന്നും, വാതില്‍ പുതുതായി നിര്‍മ്മിച്ച് സ്വര്‍ണ്ണം പൂശി സമര്‍പ്പിച്ചതാണ് കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തില്‍ പൂജിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം ഇന്ന് വിജിലന്‍സ് ബെഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലാത്തതിനാല്‍, താന്‍ ഇന്ന് ഹാജരാകില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു.