ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തിന് അറുതി വരുത്താനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ചില ഭാഗങ്ങള്‍ ഹമാസ് വെള്ളിയാഴ്ച അംഗീകരിച്ചു. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കി. എന്നാല്‍, പദ്ധതിയിലെ മറ്റ് ഘടകങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും അവര്‍ അറിയിച്ചു. ബന്ദികളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മധ്യസ്ഥര്‍ വഴി ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പലസ്തീന് ഭീകരസംഘടന പ്രസ്താവനയില്‍ അറിയിച്ചു.
ഗാസയുടെ ഭരണം സ്വതന്ത്ര സാങ്കേതിക വിദഗ്ദ്ധരുടെ ഒരു പലസ്തീന് സമിതിക്ക് കൈമാറാന്‍ തങ്ങള്‍ തയ്യാറാണെന്നും ഹമാസ് പ്രഖ്യാപിച്ചു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അറബ്, ഇസ്ലാമിക്, അന്താരാഷ്ട്ര പങ്കാളികളുടെയും ശ്രമങ്ങള്‍ക്ക് ഹമാസ് പ്രസ്താവനയിലൂടെ പരസ്യമായി നന്ദി പറയുകയും ചെയ്തു.
ഹമാസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിനോട് ഉടന്‍ തന്നെ ഗാസയിലെ ബോംബാക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു. ‘ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കാന്‍ ഇസ്രായേല്‍ ഉടന്‍ ഗാസയിലെ ബോംബാക്രമണം നിര്‍ത്തണം! ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ചെയ്യുക അസാധ്യമാണ്,’ ട്രംപ് പോസ്റ്റില്‍ പറഞ്ഞു. സമാധാന കരാറില്‍ എത്താന്‍ ഞായറാഴ്ച വൈകുന്നേരം 6 മണി വരെ ഹമാസിന് ട്രംപ് നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു.
രണ്ട് വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ട് വെച്ച 20 ഇന പദ്ധതിയില്‍, ഉടന്‍ വെടിനിര്‍ത്തല്‍, സമ്പൂര്‍ണ്ണ ബന്ദി-തടവുകാരന് കൈമാറ്റം, ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായുള്ള ഇസ്രായേലിന്റെ പിന്മാറ്റം, ഹമാസിനെ നിരായുധീകരിക്കുക, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഈ പദ്ധതിയുടെ ഭാഗിക അംഗീകാരം നിലവിലെ സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള നിര്‍ണ്ണായകമായ നീക്കമായി വിലയിരുത്തപ്പെടുന്നു.