ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ രണ്ടു കാല്‍വിരലുകള്‍ അനുവാദം കൂടാതെ ശസ്ത്രക്രിയ നടത്തി മുറിച്ചു നീക്കിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെസി വേണുഗോപാല്‍ എംപി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കത്തു നല്കി.
രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതിയില്ലാതെ ശസ്ത്രക്രിയ പോലുള്ള ചികിത്സ നടത്തരുതെന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നത്. ഗുരുതരമായ അനാസ്ഥയും ചികിത്സാപ്പിഴവുമാണ് ഉണ്ടായിട്ടുള്ളത്. കാല് വിരലുകള്‍ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകാണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ടവര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ വിശ്വാസ്യത തകര്‍ത്ത സംഭവമാണിത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ പിഴവ് തുടര്‍ക്കഥയായി. ആഴപ്പുഴ മെഡിക്കല്‍ കോളേജിലേതും പാലക്കാട് ജില്ലാ ആശുപത്രിയിലേതും അതില്‍ ഒടുവിലത്തെ രണ്ടു സംഭവങ്ങളാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ കൃത്യവിലോപം കാരണം എട്ടുവയസുകാരിക്കാണ് വലതു കൈനഷ്ടപ്പെട്ടത്. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിലെ ഒളിച്ചുകളിയാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.