മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജിന്റെ നിര്യാണത്തില്‍ എ.ഐ.സി.സി. പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. മാധ്യമരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെട്ടിരുന്ന മലയാളിയാണ് ടി.ജെ.എസ്. ജോര്‍ജെന്ന് അദ്ദേഹം അനുസ്മരിച്ചു.
അദ്ദേഹവുമായി തനിക്ക് ദീര്‍ഘകാലത്തെ വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നതായി ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ജോര്‍ജ്.
ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദി സെര്‍ച്ച് ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപര്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
വി.കെ. കൃഷ്ണമേനോന്‍, എം.എസ്. സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയ മഹാന്‍മാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ‘ഘോഷയാത്ര’യും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി 20-ലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
2011-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച പ്രതിഭയാണ് ടി.ജെ.എസ്. ജോര്‍ജ്. മാധ്യമപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണു വരുത്തിയതെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.