മാധ്യമ കുലപതി ടി.ജെ.എസ്. ജോര്‍ജ് അന്തരിച്ചു; വിടവാങ്ങിയത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തടവിലാക്കപ്പെട്ട പത്രാധിപര്‍

Jaihind News Bureau
Friday, October 3, 2025

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ജീവചരിത്രകാരനുമായ ടി.ജെ.എസ്. ജോര്‍ജ്ജ് (97) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മാധ്യമരംഗത്ത് ആറ് പതിറ്റാണ്ടിലേറെ തിളങ്ങി നിന്ന വ്യക്തിത്വമാണ് തയ്യില്‍ ജേക്കബ് സോണി ജോര്‍ജ്ജ് എന്ന ടി.ജെ.എസ്. ജോര്‍ജ്ജ്. നിശിതമായ വിമര്‍ശനങ്ങളോടു കൂടിയ തന്റെ തൂലികയിലൂടെ അദ്ദേഹം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് മികച്ച സംഭാവനകള്‍ നല്‍കി. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയായ അദ്ദേഹം, 1928 മെയ് 7-നാണ് ജനിച്ചത്.

ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടിയ ശേഷം 1950-ല്‍ ബോംബെയിലെ ഫ്രീ പ്രസ് ജേണലില്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. ദി സേര്‍ച്ച്ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഏഷ്യവീക്കിന്റെ സ്ഥാപക പത്രാധിപര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹം ശ്രദ്ധ നേടി. 2022 വരെ 25 വര്‍ഷക്കാലം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ അദ്ദേഹം എഴുതിയിരുന്ന ‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര പംക്തി ഏറെ ശ്രദ്ധേയമായിരുന്നു. നിലവില്‍ സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവായിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി.ജെ.എസ്. ജോര്‍ജ്ജ്. ദി സേര്‍ച്ച്ലൈറ്റിന്റെ എഡിറ്ററായിരിക്കെ, ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കെ.ബി. സഹായിക്കെതിരെ വിമര്‍ശനപരമായ മുഖപ്രസംഗങ്ങള്‍ എഴുതിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനാണ് അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.

വി.കെ. കൃഷ്ണമേനോന്‍, എം.എസ്. സുബ്ബലക്ഷ്മി, നര്‍ഗീസ് ദത്ത്, പോത്തന്‍ ജോസഫ്, ലീ ക്വാന്‍ യെവ് തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതിലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. ‘ഘോഷയാത്ര’ അദ്ദേഹത്തിന്റെ ആത്മകഥയാണ്.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2011-ല്‍ രാജ്യം അദ്ദേഹത്തെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2019-ല്‍ കേരള സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന മാധ്യമ പുരസ്‌കാരമായ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം ലഭിച്ചു. കൂടാതെ ബഷീര്‍ പുരസ്‌കാരം, സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവര്‍ത്തക പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ: അമ്മു ജോര്‍ജ്. മക്കള്‍: എഴുത്തുകാരനായ ജീത് തയ്യില്‍, ഷീബ.

സംസ്‌കാരച്ചടങ്ങുകള്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും.